
പത്തനംതിട്ട: വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. പോത്തൻകോട് സ്വദേശി ഷായ്ക്ക് എതിരെയാണ് വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പത്തനംതിട്ടയിൽ ഗ്രേഡ് എസ്ഐ ആയ ഷാ 2019 വട്ടപ്പാറ സ്റ്റേഷൻ എഎസ്ഐ ആയിരിക്കെ വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ഷാ.
2019ലാണ് കേസിനാധാരമായ സംഭവം നടന്നത്. ഇൻഷുറൻസ് തട്ടാനായി ഒന്നാം പ്രതിയുമായി ചേർന്ന് ഷാ അപകടം നടന്നതായി 161/19 എന്ന നമ്പരിൽ വ്യാജമായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൂടാതെ എസ് എച്ച് ഒ യുടെ വ്യാജ ഒപ്പിട്ട് കോടതിയിൽ രേഖകൾ സമർപ്പിച്ചു എന്നുമാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യ ഇഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഈ അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇൻഷുറൻസ് കമ്പനി റൂറിൽ എസ് പിക്ക് പരാതി നൽകുകയായിരുന്നു.











